കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. മോന്‍സന്റെ വീട്ടില്‍നിന്നു പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) രേഖകളും കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും രംഗത്തുവന്നത്. ഇതെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ സംഘം പ്രത്യേകം കേസെടുക്കാനും ഒരുങ്ങുകയാണ്.അതേസമയം, മോന്‍സനെതിരെ ക്രൈംബ്രാഞ്ചിനു വീണ്ടും പരാതി ലഭിച്ചു. ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പാലാ സ്വദേശി രാജീവാണു പരാതി നല്‍കിയത്. ബ്രൂണയ് സുല്‍ത്താനു പുരാവസ്തുക്കള്‍ വിറ്റപ്പോള്‍ ലഭിച്ച 67,000 കോടി രൂപ സ്വകാര്യ ബാങ്കില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇതു തിരിച്ചുകിട്ടാനുള്ള നിയമനടപടികള്‍ക്കായി പണം നല്‍കി സഹായിച്ചാല്‍ വന്‍തുക മടക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചാണു പണം വാങ്ങിയിരുന്നത്. സമാന രീതിയില്‍ 6.27 കോടി തട്ടിയതായി ആരോപിച്ചു പന്തളം ശ്രീവത്സം ഗ്രൂപ്പ് മോന്‍സനെതിരെ മുന്‍പു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. 100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാമെന്നായിരുന്നു മോന്‍സന്റെ വാഗ്ദാനം. ഇതിനിടെ, മോന്‍സനെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ഒന്നരവര്‍ഷം മുന്‍പു സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നുവെന്നും സൂചനയുണ്ട്. പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയും ഇന്നു കോടതിയില്‍ എത്തുന്നുണ്ട്. ഫോണ്‍വിളി വിവരങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ചേര്‍ത്തലയിലെ വീട്ടില്‍ മോന്‍സനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് എത്തിയതു രഹസ്യമായിട്ടായിരുന്നു. പൊലീസുകാരുടെ ഇഷ്ടക്കാരനായ മോന്‍സനെ പലരും സഹായിക്കുമെന്ന് കണക്കു കൂട്ടി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ അടുത്തായിട്ടും അറിയിച്ചില്ല. മഫ്തിയില്‍ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോന്‍സനെ പിടികൂടിയത്. മോന്‍സന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ പ്രവേശിച്ചത്. ക്രെംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അതിഥികള്‍ ആയിരിക്കുമെന്നാണു വീട്ടുകാര്‍ കരുതിയത്. അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകര്‍ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. മോന്‍സനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുട പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും.
#MonsonMavunkal #KeralaKaumudinews #AntiqueCollections
0 Comments