അഫ്ഗാന്‍ വ്യോമ പരിധിക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നത് അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. യുഎസ് എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും നിയമങ്ങളും ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ച് താലിബാനുമായുണ്ടാക്കിയ കരാറുകളും ലംഘിച്ചതായി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ താലിബാന്‍ കുറ്റപ്പെടുത്തി.നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര അവകാശങ്ങള്‍, നിയമങ്ങള്‍, എന്നിവയുടെ വെളിച്ചത്തില്‍ അഫ്ഗാനെ പരിഗണിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും, പ്രത്യേകിച്ച് അമേരിക്കയോട് തങ്ങള്‍ ആവശ്യപ്പെടുന്നതായും താലിബാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ യുഎസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.ആഗസ്ത് 30ന് യുഎസ് സൈന്യം അഫ്ഗാനില്‍നിന്നു പൂര്‍ണമായി പിന്‍വാങ്ങിയതിനു ശേഷം വാഷിങ്ടണും താലിബാനും തമ്മിലുള്ള ബന്ധം ദുര്‍ബലമാണ്. വീണ്ടും അധികാരത്തില്‍ വന്നതിനു ശേഷം താലിബാനെ യുഎസ് ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. താല്‍ക്കാലിക ഇടപെടലിന്റെയും സഹകരണത്തിന്റെയും നയമാണ് യുഎസ് പിന്തുടരുന്നത്. അതിനിടെ, ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് താലിബാന്റെ കത്ത്. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവിശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയത്.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇത്.അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. താലിബാന്‍ അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയും ചെയ്ത സമയം മുതല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.സെ്ര്രപംബര്‍ ഏഴ് തിയതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്ഥാനുമാണ്. ഇതിന് പുറമെ യുഎഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്
#taliban #usdrones #afghanairspace
0 Comments